ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, എക്മോ സപ്പോർട്ടിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്| Innocent| Critical Condition


നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എക്‌മോ സപ്പോർട്ടിലാണ് ചികിത്സ തുടരുന്നത്.

അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്‌മോ സപ്പോർട്ടിൽ തുടരുകയാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ എറ്റെടുക്കുന്ന രീതിയാണിത്.

മാർച്ച് മൂന്നിനാണ് താരത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യസ്ഥിതി മോശമാവുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് പല വ്യാജപ്രചരണങ്ങളും നടന്നിരുന്നു. അതിനെതിരെ ചലച്ചിത്ര മേഖലയിൽ ഉൾപ്പടെയുള്ള പ്രമുഖർ രം​ഗത്തെത്തുകയും ചെയ്തു.