”തയ്യല്‍ ജോലിയുടെ സുഖമെന്തെന്നറിയുമോ! നമ്മള്‍ അത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരുപാട് സ്വപ്‌നം കണ്ടുകൊണ്ടിരിക്കും” ജീവിതത്തില്‍ തുന്നിത്തീര്‍ത്ത സ്വപ്‌നങ്ങളെക്കുറിച്ച് മനസുതുറന്ന് ഇന്ദ്രന്‍സ്


ലയാളി പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയ നടന്മാരിലൊരാളായിരിക്കും ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒതുങ്ങിനിന്ന ഇന്ദ്രന്‍സ് അടുത്തകാലങ്ങളില്‍ തന്റെ പ്രതിഭ കൊണ്ട് മലയാളികളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. അത് അഞ്ചാംപാതിരയിലെ ഒന്നോ രണ്ടോ മിനിറ്റുള്ള രംഗങ്ങളിലായാലും, നായക പ്രധാന്യമുള്ള ഹോം എന്ന ചിത്രത്തിലായാലും. ഉടല്‍ എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനവും ഏറെ മികവുറ്റതായിരുന്നു.

സിനിമയില്‍ വസ്ത്രാലങ്കാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇന്ദ്രന്‍സ് അതില്‍ നിന്നുമാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അമ്മാവനൊപ്പം തയ്യല്‍ക്കാരാനായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. സിനിമയെന്നത് സ്വപ്‌നമായി മനസിലുണ്ടെങ്കില്‍ അതിന്റെ ഭാഗമായി ഏതെങ്കിലും രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ അത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അവിടെ നിന്നുകൊണ്ട് സ്വപ്‌നം കാണണമെന്നും പറയുകയാണ് ഇന്ദ്രന്‍സ്.

” ഒരുപാട് നിരാശപ്പെടുന്നവരുണ്ട്, ചേട്ടാ ഞാന്‍ കുറേ നാളായി നടക്കുന്നു, ഒരു സിനിമ കിട്ടിയില്ല, നല്ല ക്യാരക്ടര്‍ കിട്ടിയില്ല ഇങ്ങനെയൊക്കെ പറയുന്നവരുണ്ട്. അങ്ങനെയുള്ളവരോട് പറയാനുള്ളത്, ഞാനെന്തുകൊണ്ട് വിട്ടുപോയില്ല, ഞാനെന്നേ മതിയാക്കി പോകുമായിരുന്നു എന്ന് പറയും. നമ്മള്‍ അവിടെ ചേര്‍ന്ന് നില്‍ക്കാനുള്ള മാര്‍ഗം അന്വേഷിക്കുക. അവിടെ ചേര്‍ന്ന് പോകാന്‍ ശ്രമിക്കുക. ഇന്നതിനാണ് വന്നത് അത് തന്നെ വേണം എന്ന് കരുതല്ലേ. അസിസ്റ്റന്റ് ഡയറക്ടറായോ, അല്ലെങ്കില്‍ പ്രൊഡക്ഷനിലോ, അങ്ങനെ ഒരു ജോലിയും ചെയ്യാന്‍ മടി വിചാരിക്കേണ്ട. അങ്ങനെ പോകണം.”

”സിനിമ ഒരു ഉപജീവനമാര്‍ഗമായി കാണാന്‍ പറ്റാതൊന്നുമില്ല. ഇഷ്ടമാണെങ്കില്‍ അങ്ങനെ നില്‍ക്കാം. പക്ഷേ കുടുംബത്തിന്റെ അന്നം മുടങ്ങാതിരിക്കാന്‍ ഒരു തൊഴില് പഠിക്കണം. നിരാശപ്പെടുന്നവരോട് എനിക്ക് പറയാം, ഞാനെത്ര കൊല്ലമായി, എന്തൊക്കെ ചെയ്തു, ഇപ്പോ എനിക്ക് ആഗ്രഹിച്ചത് കിട്ടിയില്ലേയെന്ന്.”

ഒരുപാട് സ്വപ്‌നങ്ങള്‍ കാണാന്‍പറ്റിയ ജോലിയാണ് തയ്യലെന്നും ഇന്ദ്രന്‍സ് പറയുന്നു. ”ഒരിടത്ത് തന്നെ ഇരുന്ന് ചെയ്യുകയല്ലേ, ഇതിനിടയ്ക്ക് ഞാന്‍ ഒരുപാട് സ്വപ്‌നം കണ്ടുകൊണ്ടിരിക്കും. തന്നെത്താനെ ചിരിക്കും. ഒരുപാട് സ്വപ്‌നം കാണാന്‍ പറ്റിയ തൊഴിലാണ് തയ്യല്‍. അവിടെ എത്താന്‍ വേണ്ടി ആഗ്രഹിക്കും. ചെയ്തുപോകുന്ന തൊഴില്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ അവിടെയെത്തുന്നത് ആഗ്രഹിക്കാന്‍ പറ്റൂ, അങ്ങനെ അങ്ങനെ ചെയ്തുപോയതാണ്. ആഗ്രഹിക്കുന്ന ചിലതൊക്കെ ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും. നമുക്ക് ആദ്യം മുതലേ സഹായിക്കുന്ന ഗുരുനാഥന്മാരുണ്ട്. ദൈവം അനുഗ്രഹിച്ചുവെന്ന് ഞാന്‍ കാണുന്നത് ഗുരുനാഥന്മാരെയൊക്കെയാണ്. ”