മമ്മൂട്ടി ഒഴിഞ്ഞു മാറി, ഫഹദ് ഒപ്പം നിന്നു ; കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഹഹദ് ഫാസിൽ
അഭിനയം കേവലം തൊഴിൽ മാത്രമായി കാണാതെ സാമൂഹ്യ പ്രതിബന്ധകൂടി വെച്ച് പുലർത്താൻ താൽപര്യപ്പെടുന്നവരാണ് മലയാള സിനിമയിലെ പുതുതലമുറയിൽ പെട്ട നല്ല ശതമാനം അഭിനേതാക്കളും.
അഭിനയത്തിനപ്പുറത്ത് മറ്റൊന്നിലേക്കും തങ്ങൾ ഇടപെടാൻ ബാധ്യസ്ഥരല്ല എന്ന മനോഭാവത്തെ അടിക്കടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല ഇടപെടലുകളും ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ധാരാളം സംഭവിച്ചിട്ടുമുണ്ട്. സാമൂഹ്യമായ വലിയൊരു മാറ്റത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.
ഇപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് പ്രഗത്ഭ യുവനടനും സംവിധായകൻ ഫാസിലിന്റെ നടനുമായ ഫഹദ് ഫാസിലാണ്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി ഫഹദ് മുൻപും പല അവസരങ്ങളിലും ശക്തമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള അഭിനേതാവാണ്.
കെ.ആർ നാരയണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണത്തെ തുടർന്ന് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന സമരത്തിനാണ് ഫഹദ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അടൂരക്കമുള്ള പല പ്രമുഖരും വിദ്യാർത്ഥി സമരത്തെ നിശിതമായ ഭാഷയിൽ വിമർശിച്ചത് നേരത്തേ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് സമരത്തെ അനുകൂലിച്ച് ഫഹദ് മുന്നോട്ട് വന്നിരിക്കുന്നത്.
താൻ വിദ്യാർഥികൾക്കൊപ്പമാണെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകട്ടെയെന്നുമാണ് വിഷയത്തിൽ ഫഹദിന്റെ പ്രതികരണം. ഫഹദ് ഫാസിൽ നിർമ്മിച്ച് ഷഹീദ് അറഫാത്തും പ്രിനിഷ് പ്രഭാകരനും ചേർന്ന് സംവിധാനം ചെയ്യുന്ന തങ്കം സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്. നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ഇതേ വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹം വിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനെതിരെയും എതിർപ്പുകളുണ്ടായിരുന്നു.
സ്വന്തം വീട്ടിലെ കക്കൂസ് ദലിത് ജീവനക്കാരെ ഉപയോഗിച്ച് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നും ഉൾപ്പെടെ ഗാരവമേറിയ പരാതികളായിരുന്നു ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ ശങ്കര്‍ മോഹനെതിരെ ഉയർന്നത്. ഒടുവിൽ അദ്ദേഹത്തിന് രാജി വെച്ച് പുറത്ത് പോവേണ്ടതായും വന്നു. എന്തായാലും ബിഗ്സ്ക്രീനിനു പുറത്തും ഫഹദെടുത്ത ശക്തമായ വിദ്യാർത്ഥി അനുകൂല നിലപാടിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്