”ഇത്രയും ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം, രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്”; നടുക്കം മാറാതെ ധർമ്മജൻ| dharmajan bolgatty| varapuzha blast


വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന വാർത്ത നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ താൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ ധർമജൻ ബോൾ​ഗാട്ടി. അപകടം നടന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തനിക്കുണ്ടായ നടുക്കുന്ന അനുഭവം ധർമ്മജൻ പങ്കുവെച്ചത്.

പടക്ക നിർമാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടിയായിരുന്നു ധർമജൻ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകൾക്കകമാണ് സ്ഫോടനം സംഭവിച്ചത്. ‘‘ഞങ്ങൾ എപ്പോഴും ഇരുന്ന് വർത്തമാനം പറയുന്ന വീട്. അത് തകർന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണ് സ്‌ഫോടനത്തിൽ തകർന്നത്. ഞങ്ങൾ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്.

രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്ന ആൾക്കാരാണ് ഇവർ. ലൈസൻസ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അവർ ഇവിടെ നിന്നും മാറാൻ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്‌ക്കു മാറാൻ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്.’’–ധർമജൻ പറഞ്ഞു.

പടക്കശാലയ്ക്ക് ലൈസൻസില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം ചിലയാളുകൾക്കേ കേരളത്തിൽ വെടിക്കെട്ട് നടത്താൻ അനുമതിയുള്ളുവെന്നും അതിൽ തന്റെ സുഹൃത്തിന്റെ സ്ഥാപനവും ഉൾപ്പെടുമെന്നും ധർമജൻ വ്യക്തമാക്കി.

ഇവർക്ക് ലൈസൻസുണ്ട്, ഇത്തവണത്തെ തൃശ്ശൂർ പൂരം, തിരുവമ്പാടി പൂരം, കാരശേരി പൂരം തുടങ്ങിയവയെല്ലാം ഇവരാണ് ചെയ്തത്. കേരളത്തിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ ലൈസൻസുള്ളു. സുഹൃത്തിന്റെ ഈ സ്ഥാപനം നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നത്.

പൊട്ടിത്തെറി നടന്ന വീട് പൂർണ്ണമായും കത്തിനശിച്ചു. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആയിരുന്നു അപകടത്തിൽ മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞാണ് ഡേവിസിന്റേതാണെന്ന് സ്ഥിരീകരിച്ചത്. സ്ഫോടനം നടക്കുമ്പോൾ ഡേവിസ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നു. കൂടാതെ മൂന്നു കുട്ടികളടക്കം ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.