”നിവിന്‍ പോളിയെ ദിവസം ഫുള്‍ പോസ്റ്റാക്കിയിട്ടുണ്ട്; അദ്ദേഹം എനിക്കുവേണ്ടി നിന്നുതരികയായിരുന്നു” അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ആ അനുഭവം പങ്കുവെച്ച് ബിനു പപ്പു | Binu Pappu | Nivin Pauly
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബിനു പപ്പു. അച്ഛന്‍ കുതിരവട്ടം പപ്പുവില്‍ നിന്നും വ്യത്യസ്തമായ അഭിന ശൈലിയുള്ള താരമാണ് ബിനു. ക്യാരക്ടര്‍ റോളുകളിലൂടെ ബിനു ഇതിനകം തന്നെ മലയാള സിനിമയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു.
എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണെന്ന് തുറന്നു പറയുകയാണ് ബിനു പപ്പു. ധന്യവര്‍മ്മയുമായുള്ള അഭിമുഖത്തിലാണ് ബിനു ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പ് ആകെ ബ്ലാങ്കായ, ഡയലോഗെല്ലാം മറന്നുവെന്നപോലെ തോന്നും. ഇപ്പോഴും തനിക്ക് ഇങ്ങനെ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിനയം എന്നത് തന്നെ സംബന്ധിച്ച് വളരെ പ്രയാസകരമായ കാര്യമാണെന്നും ബിനു പപ്പു സമ്മതിക്കുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രയാസമനുഭവിച്ചത് നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രത്തിലെ പ്രഭാകരന്‍ ഈരാളിയെന്ന വേഷം ചെയ്തപ്പോഴാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ 22 ടേക്ക് വരെ പോയ അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”സഖാവിലെ പ്രഭാകരന്‍ ഈരാളി എന്ന കഥാപാത്രം എന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. നന്നായിട്ട് തന്നെ. നിവിന്‍ പോളിയെ ഞാന്‍ ഒരു ദിവസം ഫുള്‍ പോസ്റ്റാക്കിയിട്ടുണ്ട്. 22 ടേക്കാണ് പോയത്. നിവിന്റെ സജഷനിലാണ് ക്യാമറ. നിവിന്‍ എനിക്കുവേണ്ടി നിന്നുതരികയാണ്. അത് എന്റെ മൂന്നാമത്തെ സിനിമയാണ്. എന്റെ മുന്നില്‍ നില്‍ക്കുന്നത് നിവിന്‍ പോളിയാണ്. പ്രേമമൊക്കെ ഹിറ്റടിച്ച്, അങ്ങനെയുള്ള ആക്ടര്‍ മുന്നില്‍ നില്‍ക്കുന്നു. ക്യാമറ സജഷനില്‍ വെച്ചിട്ടുണ്ട്. ഡി.ഒ.പി ജോര്‍ജാണ്, തമിഴിലെ വലിയ ക്യാമറാമാന്‍. സിദ്ധാര്‍ത്ഥ് ശിവ സംവിധായകന്‍… ”
എടുത്താ പൊന്താത്ത ഒരു കഥാപാത്രവുമായാണ് ഞാന്‍ നില്‍ക്കുന്നത്. എഴുപത് എഴുപത്തിയഞ്ച് വയസുള്ള ആള്‍, മീശയൊക്കെ ഒട്ടിച്ച്. എനിക്ക് ഒരു വരി പറയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ‘ഈ നാടിന്റെ സ്‌നേഹവും സന്തോഷവുമാണ് സഖാവ്.’ എന്നാണ് എനിക്ക് പറയേണ്ടത്. പക്ഷേ രണ്ട് ‘സ’ വന്നപ്പോള്‍ ഒന്ന് സ്വപ്‌നവും സന്തോഷവും ആയി പോയി. എനിക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്. ശരിക്കുള്ള ഡിസ് ലക്‌സിയ അല്ല, പക്ഷേ വായിക്കുമ്പോള്‍ വാക്കുകള്‍ വിട്ടുപോകും. ബോര്‍ഡുകളൊക്കെ വായിക്കുമ്പോള്‍ തെറ്റിപ്പോകും. ഒരക്ഷരം കണ്ട് ആ വാക്കാണെന്നങ്ങ് വിധിക്കും. സ്‌നേഹവും സന്തോഷവും എന്നുള്ളത് സ്വപ്‌നവും സന്തോഷവും എന്ന് തന്നെയായിപ്പോയി”
എന്നാല്‍ ഇത്രയും പ്രയാസപ്പെടുത്തിയിട്ടും ഒട്ടും നീരസമില്ലാതെയാണ് നിവിന്‍ ഇടപെട്ടതെന്നും ബിനു പപ്പു പറയുന്നു.
”നിവിന്‍ പാവം നിന്നുതരുന്നുണ്ട്. ഒരു കുഴപ്പവുമില്ല. റിലാക്‌സ് ചെയ്യൂവെന്ന് പറഞ്ഞു. ക്ലാപ്പ് വെക്കുമ്പോള്‍ അതിലെ നമ്പര്‍ കാണുമ്പോള്‍ ആ ടെന്‍ഷന്‍ വരും. പതിമൂന്നാമത്തെ ടേക്ക് ഒ.കെ വെച്ചു. ഒ.കെയാണ് പക്ഷേ ഒറ്റ ടേക്കു കൂടി പോയി നോക്കാമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ആദ്യം ഡയലോഗായിരുന്നു പ്രശ്‌നം. പിന്നീട് ഡയലോഗ് ശരിയാക്കി തുടങ്ങിയപ്പോള്‍ എക്‌സ്പ്രഷന്‍ വേറെ വഴിക്ക് പോയി.” അദ്ദേഹം ഓര്‍ക്കുന്നു.