”കരളിന്റെ പ്രവർത്തനം 20-30 ശതമാനം മാത്രം, മാറ്റി വയ്ക്കേണ്ടി വരും”; ബാലയുടെ അസുഖത്തിന്റെ പ്രധാനകാരണം ജീവിതരീതിയെന്ന് ചികിത്സിക്കുന്ന ഡോക്ടർ| Bala | Hospitalized


ഉദര രോ​ഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ലിവർസിറോസിസ് ആണ്, കരൾ മാറ്റി വയ്ക്കേണ്ടിവരുമെന്നുമെല്ലാമുള്ള തരത്തിൽ ഇതിനോടകം വാർത്തകൾ വന്നു കഴിഞ്ഞു. എന്നാലിപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ബാലയെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി നടൻ ബാല എറണാകുളം അമൃത ഹോസ്പിറ്റലിലെ ഡോക്ടർ സുധീന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് താരത്തിന്റെ കരളിന്റെ പ്രവർത്തനങ്ങൾ മോശമായിരുന്നെന്നും ബോധവും അൽപം പ്രശ്നത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിത്തരസത്തിന്റെ അളവ് കൂടുതലായിരുന്നു, രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം കൂടുതലായിരുന്നു എന്നും ഡോക്ടർ വ്യക്തമാക്കി.

”ബാലയെ അഡ്മിറ്റ് ചെയ്യുമ്പോൾ 20-30 ശതമാനം മാത്രമേ കളിന്റെ പ്രവർത്തനം നടക്കുന്നുണ്ടായിരുന്നുള്ളു. ഇപ്പോൾ ചെറിയ പുരോ​ഗതി കാണിക്കുന്നുണ്ട്. എന്നാലും സിറോസിസ് ബാധിച്ച ലിവർ, സാധാരണ ലിവർ പോലെ റീജനറേറ്റ് ചെയ്യാനുള്ള കഴിവ് ഒട്ടുമില്ല. അങ്ങനെയൊരു സ്റ്റേജിൽ ആയത് കൊണ്ട് എന്ത്മാത്രം പുരോ​ഗതിയുണ്ടാകുമെന്ന് പറയാൻ പ്രയാസമാണ്.

സാധാരണ ഇങ്ങനെയൊരു സ്റ്റേജിൽ എത്തുമ്പോഴേക്കും കരൾ മാറ്റി വെക്കുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്രയും പെട്ടെന്ന് തയാറായിട്ടിരിക്കുന്നതായിരിക്കും നല്ലത്. അതിന് വേണ്ടിയുള്ള കാര്യങ്ങളൊക്കെ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. മരുന്ന് കഴിച്ച് മാറാനുള്ള സാധ്യത കുറവാണ്, വർഷങ്ങൾ എടുത്ത് ഡാമേജ് വന്നിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.

ലിവർ സംബന്ധമായ രോ​ഗം ബാധിച്ചവർക്കുള്ള മരുന്ന് വളരെ കുറവാണെന്നും ഡോക്ടർ സുധീന്ദ്രൻ പറയുന്നു. മാത്രമല്ല, ബാലയുടെ രോ​ഗാവസ്ഥയ്ക്ക് നിലവിൽ മരുന്നില്ല, അതുകൊണ്ട് കരൾ മാറ്റിവയ്ക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. ബാലയുടെ കുടുംബം അതിന് തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാലക്ക് കരൾ നൽകാൻ ഇതുവരെ ആരെയും കിട്ടിയിട്ടില്ല, അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി ബാലക്ക് അസുഖമുണ്ട്, കൂടിയും കുറഞ്ഞുമിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായിട്ടാണ് രോ​ഗം മൂർച്ഛിച്ചത്. ബാലയപ്പോലെ ചെറുപ്പവും ആരോ​ഗ്യവാൻമാരുമായ ആൾക്കാർക്ക് ഈ രോ​ഗം വരുന്നതിന്റെ പ്രധാന കാരണം തെറ്റായ ജീവിതരീതിയാണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതരീതിയുടെ കാര്യത്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധനൽകണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

മദ്യം മുഴുവാനും ഒഴിവാക്കുക, ഡയറ്റ് ശ്രദ്ധിക്കുക, വ്യായാമം എന്നീ മൂന്ന് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. അതേസമയം ഡയറ്റ് എന്നാൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവയെല്ലാം പൂർണ്ണമായും ഒഴിവാക്കുകയല്ല വേണ്ടത്, എല്ലാം നിശ്ചിത അളവിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറ്റാണ് നോക്കേണ്ടത്. എണ്ണയിൽ വറുത്ത ആഹാരങ്ങൾ പഞ്ചസാര, ബേക്കറി പലഹാരങ്ങൾ എന്നിവയാണ് ഒഴിവാക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.liver cirrhosis