നടൻ ബാല ​ഗുരുതരാവസ്ഥയിൽ; കരൾ മാറ്റി വയ്ക്കേണ്ടി വരുമെന്ന് സൂചന| Actor Bala| Hospitalized


കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് അദ്ദേഹമിപ്പോൾ. നില ​ഗുരുതരമായതിനാൽ ബാലക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാൻ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.

നടനും സംവിധായകനുമായ ബാല അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തി 2007ൽ റിലീസ് ചെയ്ത ബി​ഗ് എന്ന ചിത്രത്തിൽ ബാലയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ബാല മലയാളത്തിൽ ധാരാളം ആരാധകരുള്ള നടനായി മാറി.

തുടർന്ന് പുതിയ മുഖം, ഹീറോ, അലക്സാണ്ടർ ദി ​ഗ്രേറ്റ്, ഹീറോ, വീരം, എന്ന് നിന്റെ മൊയ്ദീൻ, പുലിമുരു​ഗൻ, ആനക്കള്ളൻ, ലൂസിഫർ, തമ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എന്നാൽ ഏറെക്കാലമായി മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം 2021ൽ മൈ ഡിയർ മച്ചാൻസ് എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തി. 2022ൽ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

2010ൽ ഐഡിയ സ്റ്റാർ സിം​ഗർ ഫെയിം അമൃത സുരേഷുമായി ബാലയുടെ വിവാഹം കഴിഞ്ഞിരുന്നു. 2012ൽ ഇവർക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാൽ 2019ൽ ബാലയും അമൃതയും വിവാഹമോചിതരായി. തുടർന്ന് 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനുമായി ബാലയുടെ വിവാഹം നടന്നു.