“മലയാളത്തിൽ 35 കോടിയുടെ സിനിമയെടുത്താൽ ആ കുട്ടിയെ വിളിച്ചേക്കും, പ്രമോഷൻ ആരും നിർബന്ധിപ്പിച്ച് ചെയ്യിക്കേണ്ടതല്ലല്ലോ”; സംയുക്ത വിവാദത്തിൽ നടന് പറയാനുള്ളത്| samyuktha| baiju santhosh| boomerang


കുറച്ച് ദിവസങ്ങളായി നടി സംയുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമാ മേഖലയിൽ ചർച്ചയാകുന്നത്. താരം ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വരാതിരുന്നതിന് നടൻ ഷൈൻ ടോം ചാക്കോയും സിനിമയുടെ നിർമ്മാതാവും രം​ഗത്തെത്തിയിരുന്നു. പത്രസമ്മേളനത്തിനിടെയാണ് സംയുക്തക്കെതിരെ ഇരുവരും വിമർശനമുന്നയിച്ചത്.

താൻ മലയാളത്തിൽ ഇപ്പോൾ അഭിനയിക്കുന്നില്ലെന്നും താൻ ഇപ്പോൾ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും സംയുക്ത പറഞ്ഞതായിട്ടായിരുന്നു ഷൈനും സിനിമയുടെ നിർമ്മാതാവും നടത്തിയ ആരോപണം. ഇതേ തുടർന്ന് മലയാള സിനിമയിലെ പലരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. നടി മഞ്ജു പിള്ള, അനിഖ സുരേന്ദ്രൻ, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം സംഭവത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ബൂമറാങ്ങിലെ മറ്റൊരു അഭിനേതാവായ ബൈജു സന്തോഷ്. എന്തുകൊണ്ടാണ് സംയുക്ത പ്രൊമോഷനുകൾക്ക് വരാതിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ബൈജു പറയുന്നത്. അതേസമയം പ്രൊമോഷൻ ആരും പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതല്ലെന്നാണ് ബൈജു അഭിപ്രായപ്പെടുന്നത്.

”എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് എനിക്കറിയില്ല. ചിലപ്പോൾ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ആ കുട്ടി ഇപ്പോൾ ഷൂട്ടിംഗിൽ വല്ലോം ആയിരിക്കും.” എന്നാണ് ബൈജു അഭിപ്രായപ്പെടുന്നത്. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നും അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ എന്നും ബൈജു പറയുന്നുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രൊമോഷൻ നടത്തുന്ന കാര്യം നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ എന്നാണ് ബൈജു ചോദിക്കുന്നത്. ഇതൊക്കെ സ്വന്തമായിട്ട് തോന്നണമെന്നാണ് ബൈജു പറയുന്നത്. ശരിക്കും പറഞ്ഞാൽ സംയുക്തയാണ് ഈ സിനിമയിലെ ഹീറോയെന്ന് പറയുന്നത്. അവളെ സംബന്ധിച്ച് കുറച്ച് കൂടി സിനിമയുടെ കാര്യത്തിൽ മുൻകൈയ്യെടുക്കണമായിരുന്നുവെന്നും അത് സിനിമയ്ക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നുവെന്നും ബൈജു പറയുന്നുണ്ട്.

ആ കുട്ടി എന്തുകൊണ്ടാണ് വരാത്തതെന്ന് തനിക്ക് അറിയില്ലെന്നും അവർ എവിടെയാണെന്നോ ഏത് സിനിമയുടെ ഷൂട്ടിലാണെന്നോ അറിയില്ലെന്നും ബൈജു പറയുന്നു. പിന്നെ 35 കോടിയുടെ സിനിമയിലെ അഭിനയിക്കൂവെന്നും പറയന്നു. അതിനെക്കുറിച്ചും എനിക്ക് അറിയില്ലെന്നാണ് ബൈജു പറയുന്നത്. എന്നാൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മലയാളത്തിൽ 35 കോടിയുടെ സിനിമയെടുത്താൽ അഭിനയിക്കുമായിരിക്കുമെന്നും ബൈജു പറഞ്ഞു.

പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെ ചിത്രത്തിലെ നായികയായ സംയുക്ത തന്റെ പേരിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ഷൈൻ ടോം ചാക്കോയോട് ചോദിക്കുകയായിരുന്നു. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം? എന്നാണ് ഷൈൻ ടോം ചാക്കോ ചോദിച്ചത്. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതൽ ഇഷ്ടം എന്നൊന്നില്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകൾ ഉണ്ടെന്നും ഷൈൻ അന്ന് പറഞ്ഞിരുന്നു.