“സ്ത്രീകൾ എന്താടാ എന്ന് ചോദിച്ചാൽ തന്നെ പുരുഷൻ ഇല്ലാതാകും”: സ്ത്രീകൾക്ക് വേണ്ടി ഒരു സംഘടനയുടെ ആവശ്യമില്ലെന്ന് നടൻ ബൈജു| baiju santhosh | WCC


ഒരുപാട് നാളുകൾക്ക് ശേഷം നടൻ ബൈജു സന്തോഷ് വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇപ്പോൾ താരം നൽകുന്ന ഇന്റർവ്യൂകളും പങ്കെടുക്കുന്ന പ്രസ് മീറ്റുകളുമെല്ലാം പ്രേക്ഷകരാൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പൊതുവെ അഭിമുഖങ്ങളിലും മറ്റുമെല്ലാം കാണാത്ത മുഖമായിരുന്നു ബൈജുവിന്റേത്. ഇപ്പോൾ താരം സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.

സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമില്ലെന്നാണ് ബൈജുവിന്റെ അഭിപ്രായം. എന്താടാ എന്ന് ഒരു സ്ത്രീ ചോദിച്ചാൽ തന്നെ പുരുഷൻ ഇല്ലാതാകും, അതിനുള്ള ധൈര്യം സ്ത്രീക്ക് ആവശ്യമാണെന്നും നടൻ പറയുന്നു. സ്ത്രീ ബോൾഡായി നിൽക്കുകയാണെങ്കിൽ ആരും മോശമായി പെരുമാറില്ലെന്നും ബൈജു കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

“ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമില്ല, ഇപ്പോഴത്തെ സ്ത്രീകൾ വളരെ ബോൾഡല്ലേ, അവരോട് ആർക്കാണ് കളിക്കാൻ പറ്റുന്നത്. ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് എന്താടാ, നിനക്ക് എന്തു വേണം എന്ന് ചോദിച്ചാൽ അവിടെ തീർന്നു. അത്രേയുള്ളു ഇവിടുത്തെ പുരുഷൻ.

പത്ത് പേരുടെ മുന്നിൽ വെച്ച് സ്ത്രീ ഒരു ചോദ്യം ചോദിച്ചാൽ പുരുഷൻ തീർന്നു. പക്ഷേ അത് ചോദിക്കാനുള്ള തന്റേടം വേണം. തന്റേടം കാണിക്കേണ്ടടത്ത് അത് കാണിക്കണം. പിന്നെ എന്തിനാണ് അങ്ങനെയൊരു വാക്ക്. അത് സ്ത്രീ കാണിക്കൻ പാടില്ല, പുരുഷനേ കാണിക്കാൻ പാടുള്ളു എന്നൊന്നുമില്ല. അവർ ബോൾഡായി നിന്നാൽ അവരുടെയടുത്ത് ആരും മോശമായി പെരുമാറില്ല”- നടൻ വ്യക്തമാക്കി.

മാത്രമല്ല, പഴയ കഥയൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല, കഴിഞ്ഞത് കഴിഞ്ഞു വ്യക്തിപരമായി നമ്മൾ ശക്തരാകുന്നതിലാണ് കാര്യമെന്നും താരം പറയുന്നു. എന്തെങ്കിലും പ്രശ്നം പറ്റിക്കഴിഞ്ഞിട്ട് സംഘടനയിൽ പോയി പറയുന്നതിനേക്കാൾ നല്ലത് അതാണ്, അങ്ങനെയാണെങ്കിൽ പ്രശ്നങ്ങൾ മുളയിലേ നുള്ളാൻ കഴിയുമെന്നും നടൻ വ്യക്തമാക്കി.

ഇതോടൊപ്പം ഇന്നത്തെ മലയാള നടിമാരെക്കുറിച്ചും ബൈജു വിമർശനാത്മകമായി സംസാരിച്ചു. ഇന്നത്തെ മലയാള നടിമാർ കഴിവ് തെളിയിച്ചിട്ടില്ലെന്നും അവർ കാശുണ്ടാക്കാൻ മറ്റ് ഭാഷകളിലേക്ക് പോവുകയാണെന്നുമാണ് ബൈജുവിന്റെ ആരോപണം. “ഇപ്പോഴത്തെ നടിമാരിൽ ആരുടേയും മികച്ച പ്രകടനങ്ങൾ ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടിമാർ ഉർവശിയും, ശോഭനയും തന്നെയാണ്. ഉർവശി കോമഡി ചെയ്യും, ഇപ്പോഴത്തെ നടിമാരിൽ ആർക്ക് സാധിക്കും. ശോഭന, ഒരൊറ്റ സിനിമ പാച്ചിക്കയുടെ മണിച്ചിത്രത്താഴ് മാത്രം പോരെ ? അവരെത്രയോ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നടിമാരുടെ പ്രകടനം വിലയിരുത്താൻ അവരൊന്നും അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല.

അവരിവിടെ ഒരു മൂന്നു സിനിമകൾ ചെയ്യും, പിന്നെ കന്നടയിൽ പോകും, പിന്നെ തെലുഗിൽ പോകും, തമിഴിൽ പോകും അവസാനം കറങ്ങിത്തിരിഞ്ഞ് ഇവിടെ തന്നെ വരും. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. പക്ഷെ പണ്ടത്തെ നടിമാർ ഒരുപാട് കാലം സിനിമയിൽ പിടിച്ചു നിന്നത് പോലെ ഇപ്പോഴത്തെ നടിമാർക്ക് സാധിക്കുന്നില്ല. അതവരുടെ കുറ്റമല്ല, സിനിമ അത്തരമൊരു ലെവലിലേയ്ക്ക് പോയി. നടിമാർ നോക്കുമ്പോൾ ചുരുങ്ങിയ സമയം കൊണ്ട് പൈസ ഉണ്ടാക്കുന്നതാണ് നല്ലത്”- ബൈജു വ്യക്തമാക്കി.