“ഞാനന്ന് വില്ലനും ശാരി നായികയുമായിരുന്നു, എന്നെയിങ്ങനെ പിടിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്”; മനസ് തുറന്ന് ബാബു ആന്റണി| Babu Antony | Shari| Old photo
വില്ലൻ വേഷങ്ങളിലൂടെയായിരുന്നു ബാബു ആന്റണി ചലച്ചിത്രാരാധകർക്കിടയിൽ ശ്രദ്ധേയനായത്. മലയാളത്തിൽ അന്നുവരെയുണ്ടായിരുന്ന വില്ലൻ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ. എന്നും സുന്ദരനും അതിലുപരി വ്യത്യസ്തനുമായ വില്ലനായിരുന്നു അദ്ദേഹം.
താടിയും, നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലൻ കഥാപാത്രങ്ങൾക്ക് ഒരുപക്ഷേ നായകൻമാരേക്കൾ ശ്രദ്ധ കിട്ടിയിട്ടുണ്ടാകണം. 1986ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും തിളങ്ങി.
നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ചുവടുറപ്പിച്ച താരത്തിന്റെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു വൈശാലി എന്ന ചിത്രത്തിലെ രാജാവ്.തനിക്ക് വില്ലൻ കഥാപാത്രങ്ങൾ മാത്രമല്ല, നായകറോളുകളും ചെയ്യാൻ കഴിയും എന്ന് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ ബാബു ആന്റണി തെളിയിച്ചു. സായാഹ്നം, അപരാഹ്നം, കോട്ടയം കുഞ്ഞച്ചൻ, കാസർകോഡ് കാദർഭായ് തുടങ്ങിയവയെല്ലാം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.
ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ആക്ഷൻ സൂപ്പർതാരമായി നിറഞ്ഞു നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പഴയ സിനിമ ഓർമകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പഴയകാല നായിക ശാരിക്കൊപ്പമുള്ള ബാബു ആന്റണിയുടെ പോസ്റ്റാണ്.
ബാബു ആന്റണി വില്ലനും ശാരി നായികയുമായി എത്തിയ സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയതാണ് ചിത്രം. നായികയായിരുന്നിട്ടും വില്ലനായ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശാരിക്ക് മടിയുണ്ടായിരുന്നില്ല എന്നാണ് ബാബു ആന്റണി കുറിക്കുന്നത്.
‘ഞാൻ അന്ന് വില്ലനായിരുന്നു, ശാരി അന്നത്തെ നായികയും. എനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അവർക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നെ ഇങ്ങനെ പിടിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്. ഇത് ഒരു രസകരമായ ചിത്രമായിരുന്നു. ‘- ബാബു ആന്റണി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. നിങ്ങൾ എന്നും ഞങ്ങൾക്ക് നായകനായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്.