”ഇന്നത്തെക്കാലത്ത് എന്തെങ്കിലുമൊരു തട്ടിക്കൂട്ട് പടമെടുത്ത് ഇറക്കാൻ പറ്റില്ല”; ആരും തിയേറ്ററിൽ കേറാൻ പോകില്ലെന്ന് നടൻ അശോകൻ| Ashokan| Film Experiences


പഴയപോലെ തട്ടിക്കൂട്ട് സിനിമകൾ ഇക്കാലത്ത് ഒരിക്കലും തിയേറ്റർ വിജയം കാണില്ലെന്ന് നടൻ അശോകൻ. ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് സിനിമയുടെ സാങ്കേതിക വശങ്ങളിൽ പോലും നല്ല അറിവാണെന്നും അ​ദ്ദേഹം പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത്.

മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ചില സിനിമകളെയെങ്കിലും മോശമായി ബാധിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ റിലീസ് ചെയ്യുന്ന അന്ന് തന്നെ മൈക്കുമെടുത്ത് പ്രേക്ഷകരോട് എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോൾ ആരെങ്കിലും മോശമാണെന്ന് പറഞ്ഞാൽ മതി, അത് കാര്യമായി സിനിമയെ ബാധിക്കുമെന്നാണ് അശോകൻ പറയുന്നത്.

”സിനിമയുടെ ഫസ്റ്റ് ഷോ കണ്ട് ഇറങ്ങി വരുന്ന ആൾക്കാരോട് മൈക്കുമായി ചെന്ന് എങ്ങനെയുണ്ട് സിനിമ? മറ്റേ പുള്ളി കൊള്ളാമോ, ഡയറക്ഷൻ കൊള്ളാമോ എന്നെല്ലാം ചോദിച്ചാൽ ഇതിനകത്ത് നെ​ഗറ്റീവ് ആയി ഒരു റിപ്ലേ പറഞ്ഞാൽ അപ്പോൾ തന്നെ കംപ്ലീറ്റ് അതങ്ങ് സ്പ്രഡ് ആകും. ഒരു പ്രൊഡ്യൂസറെയോ ഡയറക്ടറെയോ സംബന്ധിച്ച് അത് വലി ബുദ്ധിമുട്ടാകും. കാശ് മുടക്കി ഇറക്കിയ പടം മോശമാണെന്ന് പറഞ്ഞാൽ എന്തീയും.

അതുകൂടാതെ ചില ആൾക്കാർ പറയും സിനിമ സ്റ്റാറ്റിക് ഷോട്ടാണ്, ചില സ്ഥലത്ത് ചെറിയ ലാ​ഗിങ്ങ് ഉണ്ട് എന്നെല്ലാം. സാധാരണ ആൾക്കാർ സിനിമ കണ്ടിട്ട് പറയുന്ന കാര്യങ്ങളാണിത്. സിനിമയെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ ഇവരൊക്കെ ഒരുപാട് വളർന്ന് കഴിഞ്ഞു. എന്തെങ്കിലുമൊരു ഞഞ്ഞാപിഞ്ഞാ പടമെടുത്ത് ഇറക്കാൻ പറ്റില്ല ഇന്ന്. ആളുകൾ അപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ചീത്ത വിളിച്ച് തുടങ്ങും”- അശോകൻ വ്യക്തമാക്കി.

ആദിൽ എം അഷ്റഫ് സംവിധാനം ചെയ്ത ന്റിക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രമാണ് അശോകന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2022ൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിലും അശോകൻ പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു. അമരത്തിന് ശേഷം വർ‌ഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം എന്നതും ഇതിന്റെ പ്രത്യേകതയായിരുന്നു.