”ലഹരി മരുന്ന് കേസിന് ജയിലിൽ കിടക്കേണ്ടി വന്നു, കരയുകയല്ലാതെ വേറെ മാർ​ഗമുണ്ടായിരുന്നില്ല”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടൻ അശോകൻ| Ashokan| Arrested


മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുന്ന താരമാണ് അശോകൻ. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ തന്റെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്കെത്തിയ അദ്ദേഹം ഇതുവരെ നിരവധി വേഷങ്ങളിൽ അഭിനയിച്ചു. ലഭിച്ച കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭ​ദ്രമായിരുന്നു. പക്ഷേ മലയാള സിനിമ വേണ്ടരീതിയിൽ പരി​ഗണിക്കാത്ത നടനാണ് അദ്ദേഹം.

ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ നേരിട്ട ഒരു മോശം അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഖത്തറിൽ വെച്ച് അശോകനെ ലഹരി മരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയതിരുന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടപ്പോൾ ജയിലിൽ കിടന്ന് താൻ കരഞ്ഞിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘‘ലഹരിമരുന്നിന് അടിമയായ കഥാപാത്രമായിരുന്നു ‘പ്രണാമം’ സിനിമയിൽ. അക്കാലത്ത് ഖത്തറിൽ ഒരു പ്രോഗ്രാമിനു പോയിരുന്നു. ആ സമയം പ്രണാമത്തിലെ ചില സ്റ്റില്ലുകൾ ചേർത്തുവച്ച് ഏതോ ഒരാൾ ഖത്തറിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു പരാതി കൊടുത്തു. ഇന്ത്യയിൽനിന്നു വന്ന ഏതോ ഒരു ലഹരിവ്യാപാരിയാണെന്നൊക്കെയാണു പറഞ്ഞത്. സിനിമയിലെ സീനുകൾ കണ്ടതോടെ പൊലീസും തെറ്റിദ്ധരിച്ചു.

അവർ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ടു. അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു. കരയുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ഒടുവിൽ ‘അനന്തരം’ സിനിമയുടെ വാർത്തയുടെ കട്ടിങ് അധികൃതരെ കാണിച്ചു. അപ്പോഴാണ് ഞാൻ നടനാണെന്ന് അവർ‌ക്കു മനസ്സിലായത്. അമിതാഭ് ബച്ചന്റെയും കമലാഹാസന്റെയുമൊക്കെ കൂട്ടുകാരനാണോ എന്നു പിന്നീട് പൊലീസ് ചോദിച്ചു. സിനിമയിൽ കണ്ടു പരിചയം മാത്രമേയുള്ളുവെങ്കിലും അതെ എന്നു ഞാൻ പറഞ്ഞു. രക്ഷപ്പെടുകയായിരുന്നല്ലോ ആവശ്യം.’’- അശോകൻ പറയുന്നു.

​ഗായകനാകണം എന്ന മോ​ഹത്തോടെ സിനിമയിലെത്തിയ താരമാണ് അശോകൻ. 1996ൽ ഇറങ്ങിയ സുഖവാസം എന്ന സിനിമയിലും 1997ൽ ഇറങ്ങിയ പൂനിലാവ് എന്ന സിനിമയിലും അശോകൻ ഓരോ ​ഗാനമാലപിച്ചിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ നിറസാന്നിന്ധ്യമായിരുന്ന അശോകൻ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാനായി കുറച്ച് കാലം വിട്ട് നിന്നിരുന്നു.

രണ്ടാം വരവിൽ പക്ഷേ നിർഭാ​ഗ്യവശാൽ താരത്തിന് ആദ്യത്തെ അത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാലും അദ്ദേഹം പല ന്യൂജനറേഷൻ സിനിമകളുടെയും ഭാ​ഗമായി. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അശോകൻ തിരിച്ച് വരവ് നടത്തിയ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. അമരം എന്ന ഹിറ്റിന് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇതിന്.