”ഞാനിത് വരെ ഒരു പുകയും കണ്ടില്ല, എല്ലാം സംസ്ഥാന സർക്കാരിനെ തകർക്കാൻ”; രൂക്ഷ വിമർശനവുമായി ആഷിഖ് അബു| Aashiq Abu| Brahmapuram Plant
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ സർക്കാരിനെ ഞ്യായീകരിക്കുന്നവർക്കെതിരെ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ഉയർന്നുവന്ന വാദങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാനുവൽ റോണിയുടെ ആക്ഷേപഹാസ്യ പോസ്റ്റാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആഷിഖ് അബു പങ്കുവച്ചത്.
മുൻപ് നോട്ട് നിരോധന സമയത്ത് ന്യായീകരണം ചമച്ചവരെപ്പോലെയാണ് ബ്രഹ്‍മപുരം വിഷയം കാര്യമാത്രപ്രസക്തമല്ലെന്ന് വാദിക്കുന്നവരെന്ന് ആഷിക് അബു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. നോട്ട് നിരോധന ഫാൻസും തീപിടുത്ത ഫാൻസും എന്ന തലക്കെട്ടോടെയാണ് റോണി മാനുവൽ ജോസഫിന്റെ പോസ്റ്റ്.
‘‘ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല’’, ‘‘തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.’’, ‘‘എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു’’, ‘‘ എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്.’’ സന്ദേശം സിനിമയിലെ ഡലോഗ് ഇപ്പോഴാണ് പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നാണ് പോസ്റ്റിലുള്ളത്.
പത്ത് ദിവസത്തിൽ അധികം നീണ്ടു നിന്ന പുക കൊച്ചിയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി സിനിമാപ്രവർത്തകരാണ് തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയിൽ വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, ഖരമാലിന്യ സംസ്കരണ നിയമത്തിലെ ഒരു വ്യവസ്ഥയും പാലിക്കാതെയാണു ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നതെന്നു ഹൈക്കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വന്നു. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റിൽ പ്രതിദിനം 5–10 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയേയുള്ളൂ. ബയോ മൈനിങ്ങിനു കരാർ എടുത്ത ഏജൻസി സമയബന്ധിതമായി ജോലി പൂർത്തിയാക്കാനുള്ള യന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
ഡബിൾ ഡെക്ക് സ്ക്രീനിങ് മെഷീൻ ഉണ്ട്. മണിക്കൂറിൽ 65 ഘനമീറ്റർ മാലിന്യം കൈകാര്യം ചെയ്യാനേ ഇതിൽ കഴിയൂ. പുനരുപയോഗ സാധ്യമല്ലാത്ത മാലിന്യം കെട്ടുകളാക്കാനുള്ള യന്ത്രത്തിനും ആവശ്യത്തിനുള്ള ശേഷിയില്ലെന്നു റിപ്പോർട്ടിലുണ്ട്. അജൈവ മാലിന്യം സംസ്കരിക്കാനുള്ള ഒരു അടിസ്ഥാന സൗകര്യവും കമ്പനി ഒരുക്കിയിട്ടില്ല.
കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുന്ന സംവിധാനം മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശ പ്രകാരമല്ല. ശരിയായ വേർതിരിക്കൽ ഇല്ലാത്തതിനാൽ ആർഡിഎഫ് മാലിന്യത്തിനു ഗുണനിലവാരമില്ല. ഇതിനാൽ സിമന്റ് ഫാക്ടറികളിൽ ഇതു സ്വീകാര്യമല്ല. ആർഡിഎഫ് മാലിന്യം പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തിൽ നിന്നു വേർതിരിക്കുന്ന ആർഡിഎഫ് 10%ൽ കൂടരുതെന്നാണു മാർഗരേഖ. അതിന്റെ മൂന്നിരട്ടി വരെയാണ് ആർഡിഎഫ് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.